Friday 27 January 2017

ഞങ്ങളുടെ വീട്ടിലെ അതിഥി...


ഒരു കിളിക്കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് ഇന്ന് ഉറക്കമുണർന്നത്... 

എന്നും അഞ്ചര മണിക്ക് മുടങ്ങാതെ അടിക്കുന്ന അലാറം, എന്നത്തേയും പോലെ ഓഫ് ചെയ്തു വീണ്ടും ഇച്ചിരി നേരം കൂടി മടി പിടിച്ചു കിടന്നതാണ്... 
പത്തു മിനിട്ടു കഴിഞ്ഞില്ല... 
ഒരു ചെറിയ കരച്ചിൽ പോലെ... 
തോന്നിയതാകും എന്നാണ് ആദ്യം കരുതിയത്...
 വീണ്ടും വീണ്ടും കേട്ടപ്പോൾ എഴുന്നേറ്റു... 
പുറത്തെ സ്ട്രീറ്റ് ലൈറ്റ് ന്റെ പ്രകാശം മുറിയിൽ പരത്തിയ അരണ്ട വെളിച്ചത്തിൽ കണ്ടു... 
കട്ടിലിനു സമീപത്തായി താഴെ എന്തോ ഒന്ന്...
 അതാണ് ശബ്ദം ഉണ്ടാക്കുന്നത്... 
ഉറക്കച്ചടവ്‌ വിട്ടു മാറാത്ത കണ്ണുകളാൽ ശരിക്ക് കാണാനും പറ്റണില്ല... 
കൂടെ കിടക്കുന്നവരെ ഉണർത്താതിരിക്കാൻ മെല്ലെ എഴുന്നേറ്റു പോയി മുറിക്കു വെളിയിലെ ലൈറ്റ് ഇട്ടു... 
ആ വെളിച്ചത്തിൽ കണ്ടു... 
ഒരു കുഞ്ഞു ബുൾബുൾ... 
തുറന്നു കിടന്നിരുന്ന ജനലിലൂടെ അകത്തു കടന്നതാണ്... 
എവിടെ നിന്ന് വന്നോ എന്തോ... !!!

സ്കൂൾ ഉള്ള ദിവസമാണ്... 
സാധാരണ ഇത്തരം ദിവസങ്ങളിൽ മഹാനെ പള്ളിയുണർത്തൽ ഒരു ചടങ്ങാണ്... 
ഇന്നിപ്പോ ഈ കിളിക്കുഞ്ഞു കാരണം എല്ലാം വളരെ പെട്ടന്നായിരുന്നു... 
നീ വേഗം പല്ലുതേപ്പും പരിപാടികളും കുളിയുമൊക്കെ കഴിഞ്ഞു താഴേക്ക് വാ, ഞാൻ അപ്പോഴേക്കും ഇതിനെ അവിടെ കൊണ്ട് വച്ചോളാം എന്നും പറഞ്ഞു അവനെ ബാത്റൂമിൽ കയറ്റി ഞാൻ അതിഥിയെയും കൊണ്ട് താഴോട്ടു പോന്നു... 
ഒരു കുഞ്ഞു ഹാർഡ്ബോർഡ് പെട്ടിയിൽ കക്ഷിയെ ഇരുത്തി, രാവിലത്തേക്കും, മഹാന് കൊണ്ടു പോകാനും ഉള്ള ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി...
 കയ്യിലെടുത്തപ്പോഴും, പെട്ടിയിലിരുത്തിയപ്പോഴും എല്ലാം പാവം വല്ലാതെ വിറക്കുകയായിരുന്നു... 
ഒരു പിഞ്ചർ കൊണ്ട് തലേന്നത്തെ രണ്ടു മൂന്നു വറ്റു ചോറും, ഒരു ഫില്ലർ കൊണ്ട് രണ്ടു മൂന്നു തുള്ളി വെള്ളവും കൊടുത്തു കഴിഞ്ഞപ്പോൾ ആളൊന്നു ഉഷാറായ പോലെ...

മഹാൻ റെഡിയായി താഴെ വന്നു കഴിക്കാനിരിക്കുമ്പോഴും, സ്കൂൾ വണ്ടിയിൽ കയറാൻ പോകുമ്പോഴും എല്ലാം ഒന്നേ ആവശ്യപ്പെട്ടുള്ളൂ... 
അമ്മേ, അതിനെ ഇന്ന് വിടണ്ട... 
നാളെ വിടാം... പ്ലീസ്... 
അപ്പോൾ തന്നെ ഞാൻ പറഞ്ഞു, പറ്റില്ല മോനെ, ഇതിനെ കാണാതെ അച്ഛനും അമ്മയും ഒക്കെ ഇപ്പോൾ തന്നെ വിഷമിക്കുന്നുണ്ടാകും...
 എന്തായാലും വൈകീട്ട് നീ തിരിച്ചെത്തമ്പോൾ ഇത് ഇവിടെ ഉണ്ടാകില്ല... 
വിഷമിച്ചാണെങ്കിലും കുഞ്ഞിക്കിളിയുടെ നന്മയോർത്ത് ബൈ പറഞ്ഞു മഹാൻ പോയി...

ഞാൻ പതിയെ നമ്മുടെ താരത്തെ പെട്ടിയോടെ എടുത്ത് ടെറസ്സിലോട്ടു നടന്നു... 
കുറച്ചു ദിവസങ്ങളായി ഒരു ബുൾബുൾ ജോഡിയെ അവിടെ കാണുന്നുണ്ടായിരുന്നു... 
അവരായിരിക്കും നമ്മുടെ താരത്തിന്റെ മാതാപിതാക്കൾ എന്ന് ഞാനങ്ങു പ്രതീക്ഷിച്ചു...
 പ്രതീക്ഷ തെറ്റിയില്ല... 
പെട്ടി താഴെ വച്ച് ഞാൻ കുറച്ചു മാറി നിന്നു...
 കുഞ്ഞു പതിയെ ശബ്ദമുണ്ടാക്കി പെട്ടിയിൽ നിന്നും മെല്ലെ പറന്നു പുറത്തേക്കിറങ്ങിയതും, എവിടെ നിന്നോ ഞങ്ങളെ നിരീക്ഷിച്ചിരുന്ന മാതാപിതാക്കൾ തന്റെ കുഞ്ഞിന്റെ അരികിലേക്ക് പറന്നെത്തി...
 പതിയെ പതിയെ, കുറച്ചു ദൂരം വീതം തന്റെ മാതാപിതാക്കളോടൊപ്പം പറന്നകലുന്ന കിളിക്കുഞ്ഞിനെ നോക്കി ഒരുപാട് ഇഷ്ടത്തോടെ ഞാൻ നിന്നു...

അങ്ങനെ രണ്ടാം തവണയും ഒരു കിളിക്കുഞ്ഞിനെ കയ്യിലെടുക്കാനും പരിചരിക്കാനുമുള്ള ഭാഗ്യമുണ്ടായി... 
എനിക്കും എന്റെ മഹാനും... 
രണ്ടൊത്താൽ മൂന്നൊക്കും ന്നല്ലേ... 
അടുത്തത് ഇനി എന്നാണാവോ... 
ആഗ്രഹങ്ങൾ  അവസാനിക്കുന്നില്ല...  
പ്രതീക്ഷകൾ അസ്തമിക്കുന്നുമില്ല...